വായനക്കൂട്ടം June 29, 2023 യൂണിവേഴ്സിറ്റി ഓഫ് തേർഡ് ഏജ് എന്ന അന്തർദ്ദേശീയ മുന്നേറ്റത്തിന്റെ ഭാഗമായി പെരുമ്പാവൂർ U3A ബട്ടർഫ്ലൈ നടത്തിയ വായനക്കൂട്ടം പരിപാടി പെരുമ്പാവൂർ മാർത്തോമ്മാ കോളേജിൽ വച്ച് ജൂൺ 29 വ്യാഴാഴ്ച രാവിലെ പത്തിന് നടത്തപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ ആധാരമാക്കി ശ്രീ രാജമോഹൻ നടത്തിയ അവലോകനം നോവലിനെ വ്യത്യസ്തമായ തലത്തിൽ മനസിലാക്കുവാൻ സദസ്യർക്ക് അവസരമൊരുക്കി. ബഷീർ കൃതികളെ വ്യത്യസ്തമാക്കുന്ന പദപ്രയോഗങ്ങൾ, സർക്കാസ്റ്റിക്ക് - സറ്റയറിക്കൽ സമീപനങ്ങൾ, ഭാഷാശൈലികൾ, നർമ്മത്തിനുള്ളിലും തെളിയുന്ന ജീവിത ദൈന്യങ്ങൾ, കൂട്ടുകുടുംബ ജീവിതത്തിലെ വ്യത്യസ്ത അടരുകൾ, മനുഷ്യേതര കഥാപാത്രങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകൾ ചർച്ചയ്ക്ക് വിഷയമായി തീർന്നു. വായിക്കാത്തവർക്ക് വായിക്കാനും വായിച്ചവർക്ക് പുതിയ വീക്ഷണ കോണിൽ നിന്ന് വിലയിരുത്താനും ഈ പരിപാടി കാരണമായി തീർന്നു. ശ്രീ ബാബു, ശ്രീ ലത എന്നിവരുടെ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന പുതിയ ആസ്വാദന തലങ്ങളിലേക്ക് സദസിനെ കൂട്ടിക്കൊണ്ടു പോയി. ഉച്ചയ്ക്ക് 12.30 ന് U3A യുടെ ഈ മാസത്തെ പരിപാടിക്ക് സമാപനമായി.