കേരളപ്പിറവി ദിനാചരണം 2021


പെരുമ്പാവൂർ മാർ തോമ കോളേജ് ഫോർ വിമൺ, ഹിന്ദി-മലയാളം വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നവംബർ 1 തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് 2021-2022 അദ്ധ്യയന വർഷത്തിലെ കേരളപ്പിറവി ദിനാഘോഷങ്ങൾ കോളേജ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ഡോ സുജോ മേരി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
കുമാരി ചാന്ദ്നി മാളവിക പാടിയ പ്രാർത്ഥന ഗാനത്തോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. മലയാളം വിഭാഗം അദ്ധ്യാപിക ശ്രീമതി മഞ്ജു കെ.ജി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ സുജോ മേരി വർഗ്ഗീസ് കേരളപ്പിറവി ദിന സന്ദേശം നൽകി. "സ്വന്തം ഭാഷയോടും സംസ്കാരത്തോടും ആദരവില്ലാത്ത തലമുറയോട് അപര ഭാഷക്കോ ദേശത്തിനോ ബഹുമാനം ഉണ്ടാവുകയില്ല എന്ന് തിരിച്ചറിവോടെ സ്വന്തം നാടിൻറെ തനിമയിൽ അഭിമാനവും വിനയവും ഉള്ളവരായിരിക്കാൻ നമുക്ക് സാധിക്കട്ടെ" എന്ന് തന്റെ സന്ദേശത്തിലൂടെ ഡോ. സുജോ മേരി വർഗ്ഗീസ് ആശംസിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ അവതരിപ്പിക്കുവാനായി പ്രത്യേകം നിർദ്ദേശിച്ചിരുന്ന 'നവകേരള ഗാനം' കോളേജിലെ മൂന്നാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥികളായ ചാന്ദ്നിയും ബിറ്റുവും ചേർന്ന് ചടങ്ങിൽ ആലപിക്കുകയുണ്ടായി.
വിദ്യാർത്ഥികളുടെ പ്രതിനിധിയായി ഒന്നാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥിനി ദേവിപ്രിയ 'എന്റെ കേരളം' എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. കേരളത്തിന്റെ ഭാവിയിലേക്ക് 'പ്രതീക്ഷ വയ്ക്കുന്ന പ്രമേയം ഉൾക്കൊള്ളുന്ന സുഗതകുമാരി ടീച്ചറുടെ 'ഒരു തൈ നടാം' എന്ന കവിത ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി സ്നേഹ ഭാനു മേനോൻ അവതരിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ബാല്യങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് എടപ്പാൾ സി സുബ്രമണ്യന്റെ 'ഉണ്ണി' എന്ന കവിത ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ. ഗായത്രി കെ അവതരിപ്പിച്ചു.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ബിന്റയും, അമ്മു സുനിലും ലളിത ഗാനങ്ങൾ ആലപിച്ചു. ബി.കോം ബിരുദ വിദ്യാർത്ഥികളായ ബിന്റയും ബിറ്റുവും ചേർന്ന് 'കേര നിരകളാടും..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു.
ചടങ്ങുകളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് മലയാളം വിഭാഗം അദ്ധ്യാപിക ശ്രീമതി. അഞ്ജലി പി.പി. ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 11. 20 ഓടെ ചടങ്ങുകൾക്ക് പരിസമാപ്തി കുറിച്ചു.